മൊഴി
ഉൾക്കടലിനും,
ആന്റമാൻ കടലിനുമിടയിൽ
തടവിലാക്കപ്പെട്ട തണുത്ത
സമാധാനം..
വിലങ്ങിലുറങ്ങും കവിത
എങ്കിലുമതിനെ ഭ്രാന്തെന്നെഴുതി
മടുപ്പിക്കും കുലം...
ഉപഭൂഖണ്ഡത്തിന്റെ
നിരുപദ്രവകരമായ ഉപവാസം
ഒരുമഞ്ഞുകാലപ്പൂവിൽ
ഡിസംബർ തണുക്കുമ്പോൾ
സുവർണസൂചിസ്തംഭങ്ങൾക്കരികിൽ
ലോകസമാധാനമൊളിപ്പിക്കാനാവുമോ
ഇരുളിൻ കനത്ത ശബ്ദങ്ങൾ
തർജിമ ചെയ്യും പുതിയ താളുകളിൽ
സ്നേഹം ഒരു കുടം നാണയങ്ങളിൽ
വിനിമയരേഖ തീർക്കുന്നു..
നുള്ളിയെറിഞ്ഞ മാന്തളിർ കരിഞ്ഞ
ഒരു ഋതുവിനപ്പുറം
തിരശ്ശീലയ്ക്കപ്പുറം
ഉൾക്കടലേറിവരും നൗകയിൽ
ആകാശം ഒരു നക്ഷത്രം വിരിയിക്കുന്നു..
പ്രകാശത്തിനുമൊരു പൂവ്..
No comments:
Post a Comment