Friday, March 2, 2012

മൊഴി


ഗ്രീഷ്മത്തിൽ കരിഞ്ഞ
മരച്ചില്ലകൾക്കിടയിലും
വസന്തകോകിലം 
ഉടയാതെ സൂക്ഷിച്ചു
സ്വരങ്ങൾ..


ഗ്രന്ഥശാലയിലെ
പൊടിപുരണ്ട പുസ്തകങ്ങളിൽ
തർജ്ജിമയെഴുത്തുകാരൻ തേടി 
അയാളുടെ
പൊടിപുരണ്ട മനസ്സ്..


വിരലുകളിലെയാർദ്രഭാവമാർന്ന
കാവ്യവും
കടലിനിരമ്പവും
ഹൃദ്സ്പന്ദനങ്ങളിലേറുന്നു..


കൽസ്തൂപത്തിനരികിൽ
സന്ധ്യാവിളക്കുകൾക്കരികിൽ
കൃഷ്ണപക്ഷം ക്ലാവുനിറഞ്ഞ
ഈയക്കുടങ്ങളിലൊളിച്ചുസൂക്ഷിച്ചു
മഷിതുള്ളികൾ..


ഭൂമിയുടഞ്ഞ വിടവിലൂടെ
മാഞ്ഞുപോയി
ഇതിഹാസത്തിനൊരിതൾ..


മുന്നിൽ നീർത്തിയിട്ട
ലോകത്തിനസ്ഥാസ്ഥ്യങ്ങളിലൂടെ
നീങ്ങിക്കൊണ്ടേയിരുന്നു
ദിവസങ്ങൾ..


കാലക്കണക്ക് തെറ്റിയ
ഗണിതപ്പട്ടികയിലവശേഷിച്ചു
രഥങ്ങളിൽ നിന്നിളകിയ
ചക്രങ്ങൾ...


ഓർമ്മയിലെ 
അതികഠിനഭാവങ്ങളിലഗ്നിയിറ്റുമ്പോഴും
ആകാശത്തിനരികിലെ
കാവ്യം തൂവുന്നു
അമൃതുതുള്ളികൾ...

No comments:

Post a Comment