Wednesday, March 14, 2012

ശംഖ് 

മേഘമാർഗവും 
കടന്നാകാശത്തിലേയ്ക്കുയർന്ന
ഒരു കാവ്യഭാവത്തിലേയ്ക്കൊഴുകി
ആകാശഗംഗ..


യുഗപരിണാമങ്ങളുടെ
പ്രളയത്തിലുമൊഴുകി
അരയാലിലയനക്കം
പോലെയൊരു
പദം..


ഓട്ടുവിളക്കുകൾ
തിളങ്ങിനിന്ന
പ്രകാശത്തിനരികിൽ
കറുപ്പാർന്ന
നിഴൽക്കൂട്ടുമായിരുന്നു
ഒരു കുലം..


ആധുനികതയുടെ
കുടീരങ്ങളിൽ
കൃത്രിമപ്പുതപ്പുമായ്
മനസ്സാക്ഷിനഷ്ടമായ
പുരോഗമനം
തിരക്കിട്ടോടി


പുസ്തകതാളിലുറങ്ങിയ
സ്വപ്നങ്ങൾ
നെയ്തെടുത്ത
കസവുനൂലിനുള്ളിൽ
നക്ഷത്രങ്ങൾ കവിതയെഴുതി


ഓർമ്മകളെ ചിറകെട്ടിയ
കൽക്കെട്ടുടഞ്ഞ വിടവിലൂടെ
സമുദ്രമുയർന്നപ്പോൾ
കൈയിലേക്കൊഴുകി
ഒരു ശംഖ്




No comments:

Post a Comment