Friday, March 16, 2012

മനസ്സിലെ കടൽ 


ചുമരുകളിൽ തൂവിയ
ചായങ്ങൾക്കപ്പുറം
ഭൂവർണ്ണങ്ങളിൽ
നെയ്തെടുക്കാനായ
കാവ്യചിന്തുകൾക്കെന്തു
ഭംഗി


ആകാശമൊരുണർവായി
പ്രഭാതത്തിൻ മൃദുസ്വരമായ്
പടിവാതിലിലെത്തിയപ്പോൾ
ജാലകവാതിലിനരികിലെ
വലയങ്ങൾ തീർത്ത
തുടർക്കഥകളിൽ
നിഴലേറ്റിയ തുരുമ്പുപാടുകൾ


ദർപ്പണങ്ങൾക്കരികിൽ
നഷ്ടമായ മന്ദസ്മിതം
തേടിനടക്കും ദിനങ്ങൾ
മനസ്സിൽ നിന്ന്
മാഞ്ഞുതീർന്നിരിക്കുന്നു


കടും കെട്ടുകളുടെ
കല്പനകൾക്കരികിൽ
കൂടുപണിതിരിക്കുന്നു
നിർമ്മമായൊരു
നിശ്ചലത..


മുനമ്പിലെ തീർഥപാത്രത്തിൽ
മഴപെയ്തൊഴിയുമ്പോൾ
ചക്രവാളം അനന്തതയുടെ
കോട്ട പണിയുമ്പോൾ
ആധിതീരാത്ത ഉടവാളുകൾ
രാജ്യത്തിനതിരുകളേറിയുലക്കുന്നു
പതാകയുടെ പവിത്രഭാവം


ഇമയനങ്ങും നേരം
ഹൃദ്സ്പന്ദങ്ങളിലൊഴുകിയ
ജീവസ്വരങ്ങളാൽ
സ്ഫുടം ചെയ്ത സായന്തനത്തിനരികിൽ
എഴുതിതീരാത്തൊരു കവിത പോലെ
മനസ്സിലെ കടൽ..





No comments:

Post a Comment