Thursday, March 15, 2012

ഹൃദ്സ്പന്ദനങ്ങൾ 


ഗോപുരങ്ങൾക്കപ്പുറം
ആകാശമേ
നറും തിരികളിലൂടെ
മനോഹരമാമൊരു
പ്രപഞ്ചത്തിൻ 
അകൃത്രിമമാം
പ്രകാശം നിറച്ചാലും
ഹൃദയത്തിനറകളിൽ..


അഗ്നിക്കനലുകളെരിയും
ഹോമപാത്രങ്ങളിൽ
കറുകനാമ്പുകൾ
കരിഞ്ഞുതീരും നേരം
വേനൽ മഴതുള്ളിയിൽ
കുളിരും മൺതരിപോലെ
ഉണർന്നുവരട്ടെ
കാവ്യക്ഷരങ്ങൾ


രംഗോലിനിറങ്ങളിൽ മുങ്ങി
തെയ്യങ്ങൾ തുള്ളിയ
കുരുതിക്കളങ്ങളിലൂടെ
നടന്നുനീങ്ങിയ
ഋതുക്കളുടെ പുസ്തകത്തിൽ
ഭൂമിയെഴുതിനിറക്കട്ടെ
നക്ഷത്രക്കവിതകൾ


ദിനങ്ങളുലച്ച
ദിക്കാലങ്ങളുടെ ചലനഗതിയിൽ
മാഞ്ഞുപോയ ഒരിടവേളയുടെ
അവസാനപദമെഴുതുമ്പോൾ
അശോകപ്പൂവിൻ നിറമാർന്ന
സന്ധ്യ തെളിയിക്കട്ടെ
മൺചിരാതുകൾ...





No comments:

Post a Comment