Tuesday, March 27, 2012


മൊഴി


പ്രഭാതസ്വരങ്ങളിൽ 
നിന്നുണർന്നു
ഉൾക്കടൽ


എണ്ണിതീരാത്തത്രയും
മണൽത്തരികളിൽ,
അനന്തചക്രവാളത്തിൽ
ആദിമധ്യാന്തം
തേടിയൊടുവിൽ
ആത്മാക്കൾ
നടന്നുനീങ്ങിയ വഴിയിൽ
മാറ്റങ്ങളുടെയക്ഷരലിപികൾ
ഋതുക്കൾ
ഇലക്കീറ്റിൽ നിവേദിച്ചു


ഹോമപാത്രത്തിൽ
കരിഞ്ഞുണങ്ങിയ
അഗ്നികണങ്ങളിൽ ശേഷിച്ചു 
ലോകത്തൊനൊരു മുഖം


വിരൽതുമ്പിലൂറിയ
അക്ഷരസ്വരങ്ങളിൽ
നിന്നുണർന്നു
ഒരു രാഗമാലിക


അരയാൽത്തറയിലന്യോന്യം
പക തീർത്ത നിഴലുകൾക്കരികിൽ
മതിലുകൾക്കരികിൽ
ഭൂമിയെഴുതി
ഒരു മഴതുള്ളിക്കവിത.. 


മിഴിയിലേക്കറിയാതെയൊഴുകിവന്ന
ദൃശ്യലോകത്തിനപ്പുറം
അക്ഷരങ്ങളുടെ കാവ്യസങ്കല്പമായ്
മുന്നിലുയരുന്നു
കടൽ

No comments:

Post a Comment