Thursday, March 8, 2012



മൊഴി


ഇമയനങ്ങും നേരം 
കണ്ട ലോകം
സംവൽസരങ്ങളിലേറി
മാഞ്ഞുതീർന്നപ്പോൾ
അവശേഷിച്ചു
പരിമിതികൾക്കതീതമാം
മൺവിളക്കിലെ
പ്രകാശം...


ഒരോർമ്മതെറ്റിനനുബന്ധമായ്
ഒഴുകി നീങ്ങിയ
ദിനങ്ങൾക്കൊടുവിൽ
കാണാനായി
കീറിതുന്നിയ മനസ്സാക്ഷിയുടെ
ഉൾവിളി


മുൾവേലികളിലുടക്കിയ
മനസ്സിനെ തിരികെയെടുത്തപ്പോൾ
ചില്ലുപാത്രം പോലെ
താഴേയ്ക്ക് വീണുടഞ്ഞു
ദയ...


ആകാശമുടഞ്ഞവിടവിൽ
കാണാനായി ഇന്ദ്രധനുസ്സ്..
എയ്തുതീർന്ന
ആവനാഴിയും...


ഋതുക്കൾ 
ചിതയിലേക്കിട്ട
പുസ്തകത്താളുകൾ
പുകഞ്ഞ വഴിയിലൊരു
മഴകാത്തിരുന്നു ഭൂമി

No comments:

Post a Comment