അശാന്തിപർവം
ആരവങ്ങൾക്കൊടുവിലെ
അന്തിമശാന്തിയിലൊരക്ഷരം
തെറ്റിയ മൗനമേ
ഉദയസൂര്യന്റെ,
അഗ്നിപർവതങ്ങളുടെ,
ഭൂഖണ്ഡചെരിവിലുലഞ്ഞ
അസ്വസ്ഥനിമിഷങ്ങളെ
എത്ര വേഗം മറന്നിരിക്കുന്നു
ഈ ചെറിയ വലിയ ലോകം.
ഉപവസിക്കും
തപോവനങ്ങളെ
ഇന്നു കാണ്മാനേയില്ല...
അതൃപ്തർ രാജ്ഘട്ടങ്ങളേറുന്നു,
രാജസിംഹാസനങ്ങളുടെ
ഇളകുന്ന താൽക്കാലിക
വസതികളാകുലപ്പെടുന്നു....
നേർമ്മയേറിയ വൽക്കലവുമായ്
സത്യമെന്നേ വാനപ്രസ്ഥം
ചെയ്തിരിക്കുന്നു...
അന്യായങ്ങളുടെ അഴിക്കൂടുകൾക്കരികിൽ
അശാന്തിപർവങ്ങൾക്കരികിൽ
നീതിതേടി
ഉപവസിക്കുന്നുവോ ഈ ലോകം??
വൈദ്യുതദീപങ്ങൾക്കരികിൽ
മൺവിളക്കുമായ് നീങ്ങുന്നുവോ
പുതിയ യുഗം...
No comments:
Post a Comment