Wednesday, June 8, 2011



അപരാഹ്നത്തിന്റെ
എഴുത്തോലയിൽ
നിറഞ്ഞത്
പഴയകാലലിപികൾ
മഞ്ഞുറഞ്ഞവഴിയിലൂടെ
നടന്നുനീങ്ങിയ ഋതു
മറന്നുവച്ചതൊരു നെരിപ്പോട്
മണ്ണിഷ്ടികളിൽ
കുടിൽ പണിതതാജന്മദുരിതം
ആരുഢശിലതടുത്തുമാറ്റിയ
അടിസ്ഥാനങ്ങൾ
ദേശപ്പെരുമയുടെ
അർദ്ധവൃത്തങ്ങളിൽ
ആകൃതിനഷ്ടമായ
സംപൂർണരാഗമാലിക
പിൻകാലജന്മങ്ങളുടെ
കുടിശ്ശികയെഴുതി നീട്ടും
പ്രഭാതങ്ങൾ
നീർത്താമരയിലയിൽ
നിറഞ്ഞുതുളുമ്പും മഴ..
തുടർക്കഥയുടെയവസാനതാളുകളിൽ
വിരലുകളിൽ മുദ്രകുത്തിയ
ചോദ്യചിഹ്നങ്ങളെ
കടന്നെത്തും വിധിയുടെ
മഴതുള്ളികളിലൊഴുകിമാഞ്ഞില്ലാതെയായ
വിസ്മയചിഹ്നങ്ങൾ...

No comments:

Post a Comment