Saturday, June 11, 2011

തീർഥം

എത്രയോമുകളിലായാണാകാശം
താഴ്വാരങ്ങളിലെ മങ്ങിയ
ചായം പുതച്ച്
പ്രാർഥനാഗീതങ്ങളുടെ
നൈർമ്മല്യവും തീറെഴുതും
യുഗപരിണാമമേ
ഉൽബോധനങ്ങളുടെ
തീർഥമെത്രയോ
നുകർന്നിരിക്കുനു
ഈ പുണ്യഭൂമി
തണുത്ത ശീതകാലങ്ങളുടെ
തകരപ്പാത്രങ്ങളിൽവീണ
തുരുമ്പുതുണ്ടുകളിൽ
അനേകശതവർഷങ്ങളുടെ
അന്തസത്തയെ
വിൽക്കും കമ്പോളമേ
നിനവിന്റെ നക്ഷത്രങ്ങളുടെ
തിളക്കത്തിനരികിൽ
പരവതാനിയേറുന്ന
ആധികാരികമുഖങ്ങൾ
കണ്ടുനിൽക്കുന്നുമുണ്ട്
ചക്രവാളം

അല്പത്വത്തിന്റെ
പ്രദർശനപ്പുരയിലെ
വൈഭവമേ
ഒരിക്കലുമൊരിക്കലും
ആകാശമതിനുമുന്നിൽ
ശിരസ്സു നമിക്കുന്നുമില്ലല്ലോ
അമാനുഷികമായതെന്തോ
കൈതൊട്ടുവിളിക്കുന്നു

തീർഥം പോലെയൊഴുകുന്നുവോ
ഹൃദയത്തിൽ മഴ...

No comments:

Post a Comment