Sunday, June 19, 2011

മഴപെയ്തുകൊണ്ടേയിരിക്കട്ടെ...

മഴപെയ്തുകൊണ്ടേയിരിക്കട്ടെ
മനസ്സുകുളിരും വരെയും.
മദ്ധ്യരേഖയുടെയിരുവശവും
മഹാദ്വീപുകളിലും
മഹാസമുദ്രങ്ങളിലും
പെയ്തുകൊണ്ടേയിരിക്കട്ടെ
നിറയെപെയ്തൊഴുകിയൊരു
പ്രളയത്തിലെന്നപോലൊഴുകട്ടെയീ ഭൂമി

എനിക്കറിയുമൊരുപ്രളയത്തെ
പതിയെപതിയെൻവിരലിൽ
കൂടുകൂടിയൊരുവരിക്കവിതയിലൊഴുകി
മാഞ്ഞഭൂതകാലത്തെ
നിറയെ മഞ്ഞും
നിറയെ തുളസിപ്പൂവും വീണ
ഇലപൊഴിയും കാലത്തെ..
ചതുർയുഗങ്ങളുടെ
ദശാസന്ധികളെ..
പിന്നെയേതോ നിമിഷത്തിന്റെ
തുടിയിൽ മറയും
ഹൃദ്സ്പന്ദങ്ങളെ...
ഓർമ്മിക്കേണ്ടതില്ല
ഈ വർത്തമാനകാലത്തെയും...
ഒരു ദിനമൊടുങ്ങുമ്പോൾ
അതുമൊരു പോയകാലമാവും
നാളേയ്ക്കായി സ്വരൂപിക്കാം
ഇന്നുണരും മൊഴി
മഴയിൽതുളുമ്പും മൊഴി....

No comments:

Post a Comment