Monday, June 20, 2011

പ്രദക്ഷിണവഴിയിൽ
ചുമരുകളിൽ
എന്തോ കേൾക്കാനെന്നപോൽ
കാതോർത്തിരിക്കുന്നുവോ
ചിന്തേരിൽ മൂടിയ മണ്ണിഷ്ടികകൾ..
നിശ്ചേഷ്ടമായൊരുഗാനത്തെയുണർത്താനോ
ആകാശവാതിലിൽ
നിന്നൊരനുപമസ്വരമുണരുന്നത്.
ശിലയിലുറഞ്ഞൊരു
ഹൃദയമുണർത്താനോ
മഴമേഘങ്ങൾ ദാരുവർണമാലപിക്കുന്നത്..
പുൽമേടുകളിൽ നിന്നൊഴുകിമാഞ്ഞ
നീർച്ചാലുകൾക്കിടയിലൂടെ
നിമിഷങ്ങളെണ്ണിയൊടുങ്ങിയ
ദിനത്തിനോർമ്മിക്കാനോ
ഒരു നാലുമണിപ്പൂവുണരുന്നത്..
പിന്നെയീ നീണ്ടപാതയിലൂടെ
നടന്നുനീങ്ങും നേരമോ
ഉലയിലെരിഞ്ഞ സ്വർണതരികൾ
വെയിൽനാളങ്ങളെ പോൽ
വിരലുകളിൽ നിർമമം തുള്ളിയാടുന്നത്...

മിഴിയേറ്റാനാവാതെ വളർന്നുയരുന്നുവോ
അക്ഷരങ്ങളുമക്ഷരപ്പിശകുകളും
എങ്കിലുമീമനസ്സിലെയുദ്യാനങ്ങളിൽ
വിടരുന്നുവല്ലോ ദേവദാരുപ്പൂവുകൾ
ചുമരുകളിൽ നിന്നും
ചുമരുകളിലേക്കുള്ള ദൂരമായിരിക്കുമോ
മനസ്സിന്റെ പ്രദക്ഷിണവഴി...

No comments:

Post a Comment