ആകാശസന്ധ്യയ്ക്കരികിൽ
മിനുക്കിതേച്ചൊരു
വെള്ളോടിൻ പാത്രത്തിൽ
നിവേദ്യമേറ്റി നടന്നുനീങ്ങിയ
വൈശാഖമേ!
നീയെന്റെയിരുകൈയിലുമേകി
സന്ധ്യയുടെനിറമാർന്ന
ചെമ്പകപ്പൂവുകൾ....
പണ്ടും കൽപ്പെട്ടികളിൽ
സുഗന്ധമായൊഴുകാൻ
ചെമ്പകപ്പൂവുകളുണക്കി
സൂക്ഷിച്ചിരുന്നു
വിരൽതൊടുമ്പോളുണരും
മൃദുസ്വപ്നനങ്ങളിലേയ്ക്ക്
പെയ്യുമപരാഹ്നക്കനലുകൾക്കപ്പുറം
ചിത്രാംബരങ്ങളിൽ
തുന്നിയ നക്ഷത്രപ്പൊട്ടുകളാൽ
സ്വർണവർണമാർന്ന
സമുദ്രതീരം നീർത്തിയിടും
മുനമ്പിലേക്ക് നടന്നുനീങ്ങും
ആകാശസന്ധ്യയ്ക്കരികിൽ
ഉടഞ്ഞ മുത്തുചിപ്പിയിലെ
സ്വരങ്ങൾ തിരയേറി മായുമ്പോൾ
ശംഖുകളിൽസമുദ്രം
ഭദ്രമായൊളിച്ചു സൂക്ഷിച്ചുവോ
നിഗൂഢമാം ഒരു രാഗമാലിക
ഉണങ്ങിയ
ചെമ്പകപ്പൂവിന്നിതളുകളിലൂടെ
ഹൃദയത്തിലേയ്ക്കൊഴുകുന്നുവോ
മഞ്ഞുകണം പോൽ മൃദുലമാമൊരു
കവിത....
സന്ധ്യാദീപങ്ങൾക്കരികിൽ
ഉടഞ്ഞതൊരു മൺതരിയോ
അനശ്വരതയുടെ ആദ്യക്ഷരമോ?
No comments:
Post a Comment