Tuesday, June 14, 2011

സന്ധ്യയുടെ പ്രകാശദീപം

നീർക്കുടങ്ങളേ
മഴതുള്ളികളേറി
വന്നാലും
എന്റെയീ വിരലുകളിൽ
പ്രപഞ്ചമൊരു
ചൈതന്യധാരയായൊഴുകട്ടെ
ചുറ്റിലുമതൃപ്തം
അപര്യാപ്തിയെ
പര്യാപ്തമാക്കാനുഴറും
കാഴ്ച്ചക്കെട്ടുകൾ
എന്റെയീ തുടിയിൽ
നിശ്ചലമാകാതെയൊഴുകും
താരകങ്ങളെ
വിൺചെപ്പുതുറന്നാലും
എന്റെയീ മിഴിയിൽ തെളിച്ചാലും
സ്വാഭാവികപ്രകാശം
മറ്റേതോ പരിണാമത്തിൽ
യുഗചലനത്തിൽ
ഭ്രമണതാലമുലയാത്ത ഭൂമി നീയെന്റെയരികിലിരുന്നാലും
നീർക്കുടങ്ങളേ
പെയ്താലുമൊഴുകിയാലും
മനസ്സേ!
അശാന്തിയുടെ ആന്തലുകൾ
തിരിയണയ്ക്കാനൊരുങ്ങിയേക്കാം
അണയാതിരിക്കാൻ
ഈ പ്രകാശചിന്തുകളെ
അറയിലെ വിളക്കിലേക്കാവാഹിക്കാം
പെയ്യും മഴയിലും നിറയട്ടെ

സന്ധ്യയുടെ പ്രകാശദീപം....

No comments:

Post a Comment