ജനുവരി.
സന്ധ്യാവിളക്കിനരികിൽ
ദിനാന്ത്യത്തിനൊരു
തന്ത്രിവാദ്യസ്വരം...
താളിയോലകളിൽ
നിശ്ചലമുറങ്ങും
പ്രാചീനപുരാണങ്ങൾ..
പ്രഭാതമൊരു പ്രതിശ്രുതി..
ചിത്രകമാനങ്ങളിൽ
അകൃത്രിമമാമൊരു
രേഖാചിത്രമെഴുതും
തിളങ്ങും ഓട്ടുവിളക്കിൻ
പ്രകാശം..
തടുത്തുകൂട്ടിയ ചില്ലുകളിലൊരു
പ്രതിരൂപം
പ്രപഞ്ചം...
ഗ്രഹകാലങ്ങളുടക്കിക്കീറിയ
ഒരാലില..
പുസ്തകത്താളിൽ
നിന്നിറ്റുവീണ മഷിതുള്ളി
വയൽ വരമ്പിലൂടെ നടുമുറ്റവും
കടന്ന് മാമ്പൂക്കളുലച്ച്
വഴിതെറ്റിവന്നൊരു നിഴൽ...
തൂവൽതൂലികയിൽ നിന്നടർന്നൊരു
കൽച്ചീളിലുരസി മുറിഞ്ഞ വ്യഞ്ജനങ്ങൾ
മുദ്രചിഹ്നങ്ങളിൽ, മുഖാവരണങ്ങളിൽ
മാഞ്ഞുമാഞ്ഞില്ലാതെയാവും മഞ്ഞുകാലം...
പാതികൊഴിഞ്ഞപൂവുകൾക്കരികിൽ
ഹോമപ്പുക...
മന്ത്രങ്ങളുടെ ജപമാലയിൽ
പന്ത്രണ്ടുമുത്തുകൾ മൊഴിയിൽ
തിരിഞ്ഞുതീർന്നൊരു
സംവൽസരം..
മിഴിയ്ക്കരികിൽ തീർഥം തൂവി
വീണ്ടുമൊരു പ്രഭാതം
ജനുവരി...