അപരാഹ്നത്തിനരികിൽ
നിറഞ്ഞുകത്തും ദീപങ്ങൾക്കരികിൽ
പ്രകാശം തേടിയോടുമാൾക്കൂട്ടം
മനസ്സിലെ സർഗങ്ങളറിയാതെ
ഗ്രന്ഥശാലയിൽ
വിശ്വവിജ്ഞാനങ്ങൾ തേടും
അറിവിന്റെയപ്രമേയമായ
അറിവില്ലായ്മ..
അതൊരു കുറിമാനത്തിൻ
ചുരുക്കക്ഷരങ്ങളിലൊതുക്കി
പ്രത്യേകമായ് തപാൽ ചെപ്പിലേറ്റുന്നവർ..
മറുകുറിയെഴുതിനോവും പ്രഭാതങ്ങൾ
ഇടവിട്ടിടവിട്ടാദിതത്വങ്ങളുടെയക്ഷരലിപി
മായ്ക്കും തീരം...
വിലയിട്ടെടുക്കാനാവും
രാജ്യവീഥിയിലുപരിപ്ലവവിപ്ലവം
തീപുകയാത്തൊരടുപ്പുകല്ലിനരികിൽ
ദരിദ്രരേഖയുടെ ദൈർഘ്യം..
സ്വാതന്ത്ര്യം ഒരു കുളിർന്ന സ്വപ്നം...
നക്ഷത്രക്കവിത...
നിറഞ്ഞുകത്തും ദീപങ്ങൾക്കരികിൽ
പ്രകാശം തേടിയോടുമുപരിപ്ലവവിപ്ലവം
എത്ര ദീപങ്ങളുടഞ്ഞു മുന്നിൽ??
എത്ര പ്രകാശകിരണങ്ങൾ മാഞ്ഞു??
അപരാഹ്നത്തിനരികിൽ
പകലും മായുന്നുവോ...
No comments:
Post a Comment