ഒളിയ്ക്കാനൊരിടം തേടിയ പകലിനരികിൽ
ഒരിക്കൽ ഒളിയ്ക്കാനൊരിടം
തേടിനടന്നിരുന്നു പകൽ..
അന്നൊളിപാർക്കാൻ
അരക്കില്ലം പണിതിട്ടു
ഒരാൾ..
തീയാളും മുന്നേയൊരു
തുരങ്കത്തിലൂടെ രക്ഷപ്പെടാനായി
അപ്പോഴേയ്ക്കും മഴക്കാലവുമരികിലെത്തി..
കുളിർന്നീറനായൊരു കടലിലൊളിക്കാമെന്നും
കരുതി..
ഉൾക്കടലിലൂടെയൊഴുകിയൊരു
മുനമ്പിലെ ജപമണ്ഡപത്തിലാണൊടുവിലെത്തിയത്
കണ്ണുനീർതുള്ളിപോലെയൊരു ദ്വീപിൽ
അഴിമുഖങ്ങളെഴുതിയ കവിതയിൽ
കടുപ്പമേറിയ വിദ്വേഷം കണ്ടു
പിന്നെയോ ശരത്ക്കാലമാപ്പകലിൻ
വിരലിലൊരു പവിത്രം ചുറ്റിക്കെട്ടി..
അതിൽ നിന്നിറ്റുവീണ സ്വർണതരികളിൽ
കണ്ടു ഒരു പുലർകാലത്തിൻ കവിത..
തുളസിപൂവുകൾ മിഴിനീരിൽ മുങ്ങിയ
ഒരു ദിനത്തിൽ
ആകാശവുമെഴുതി
ആദിമധ്യാന്തങ്ങളിലൊരു കവിത..
ഹൃദയത്തിൻ ദു:ഖമൊരു
മൂടുപടത്തിൽ മൂടി വഴിപിരിഞ്ഞൊരു
പകലിനോ
മുഖാവരണങ്ങളിൽ എല്ലാം
മായ്ച്ചെന്നഭിനയിക്കാനധികപരിശ്രമം
ചെയ്ത നിലാവിനോ
ഇന്നങ്ങനെയൊരു ദൈന്യവുമില്ല..
എഴുതി മായ്ക്കാനാവാതെ വിരലിൽ
അക്ഷരങ്ങൾ തപസ്സുചെയ്യുമ്പോൾ
വാത്മീകങ്ങളുടയുന്നു..
നേർ രേഖയുടെയിരുവശവും
തൂങ്ങിയാടും മഷിതുള്ളികൾക്കരികിലൂടെ
നീങ്ങുന്നു ഋതുക്കൾ...
അദൃശ്യതയിൽ നിന്നും ദൃശ്യമായൊരു
നക്ഷത്രം മിഴിയേറിയ നാളിൽ
ഒരായിരം മൺചിരാതുകൾ
തെളിയിച്ചരികിലിരുന്നു സന്ധ്യ...
ഒളിയ്ക്കാനൊരിടം തേടിയ
പകലിനരികിൽ ഉടഞ്ഞൊരസ്തമയം
നീർത്തിയിട്ടൂ അശോകപ്പൂവുകളുടെ
വർണ്ണത്തിൽ ഒരെഴുത്തോല...
പിന്നെയൊഴുകിയ കടലിനൊരു
ചിറകെട്ടാൻ ഭൂമിയ്ക്കായതുമില്ല...
No comments:
Post a Comment