ഡിസംബർ
കൽസ്തൂപങ്ങൾക്കരികിൽ
ഓട്ടുമണിമുഴങ്ങിയ സന്ധ്യയിൽ
നിശ്ബ്ദതയെക്കാൾ
കേൾക്കാനിമ്പം തോന്നിയ
സായാഹ്നരാഗം..
അതിനോരോ സ്വരവും
കടലേറ്റുപാടിയ ചക്രവാളത്തിൽ
തണുപ്പാർന്ന മുഖവുമായ്
നിൽക്കും ഡിസംബർ..
ഒരിത്തിരിയുയർന്ന പകലിൻ
ശബ്ദം തന്ത്രിവാദ്യങ്ങളിൽ
നേർത്തുവരുന്നു...
കുടഞ്ഞിട്ട മഷിതുള്ളികളും
നേർത്തുവരുമൊരു വെൺചുമരിൽ
ശാന്തിനികേതനത്തിൻ
ദർപ്പണവുമായിരിക്കും ഒരു യുഗം..
രഥചക്രങ്ങളിൽ വീണുലഞ്ഞ
മൺതരികളിൽ ചരിത്രം അനേകമനേകം
അദ്ധ്യായങ്ങൾ തുന്നിച്ചേർക്കുമ്പോൾ
എഴുതിതീർക്കാത്ത മഹാകാവ്യം
പോലെ മുന്നിലൊഴുകി നീങ്ങും
വർത്തമാനകാലത്തിൻ
താളിയോലകൾ..
സംവൽസരങ്ങളുടെയക്ഷരക്രമം
മഞ്ഞുതരിപോലെയൊരു
കവിതയാക്കി മാറ്റും
ഡിസംബർ..
No comments:
Post a Comment