Sunday, December 4, 2011

നക്ഷത്രങ്ങൾ പോലെ..


വിളക്കുമായ് വന്ന പകലിനരികിൽ
ഒരുവശം ചേർന്നുനീങ്ങുമാൾക്കൂട്ടം
മദ്ധ്യധരണ്യാഴിക്കരികിലെ
മഹാദ്വീപദൈന്യം..
ആകാശവിളക്കുകളിലാകുലമാകും
മൗനം..
തവിട്ടുപക്ഷികൾക്കരികിലെൻ
മനസ്സിലെ മാങ്കൊമ്പിൽ 
രാഗമാലികയെഴുതും
വാനമ്പാടി..
എത്ര ഹൃദ്യമാണീപ്രപഞ്ചം..
എത്രയരികിൽ നേരിൻ 
നക്ഷത്രമൊഴി..
മലയിറങ്ങിവരുന്നു
പ്രകടനസഖ്യം
കൊടികൂറകളിൽ
വിപ്ലവഗാനം..
ഗ്രാമം മാലേയസുഗന്ധത്തിൽ
ഇരുൾവനങ്ങളുടെ ഹരിതാഭയിൽ
ഭൂമി നെയ്യും നേരിയതിൽ
ഒരു കാവ്യഭാവം...
പറയാതെ നിറഞ്ഞതൊക്കെയും
മായ്ച്ച മഞ്ഞുകാലം....
ഒരുമൊഴിയിലേറ്റിമായ്ക്കാനാവാതെ
ആയുർദൈന്യം പോലെ നീളും
വർത്തമാനകാലം....
നീക്കുപോക്കില്ലാത്ത
നിർണ്ണയങ്ങൾക്കരികിൽ
ഡിസംബർ.....
ഇരുൾനീങ്ങിയ പകലിൽ
തുളുമ്പും അമൃതുതുള്ളികൾ...
നിഴലുകൾനീട്ടുമൊരിത്തിരി കുറുമ്പ്
ആവനാഴിതേടുമർജുനാസ്ത്രങ്ങൾ
പാരിജാതങ്ങൾക്കരികിലിരിക്കും
എന്റെ മനസ്സേ...
ആരായിരിക്കും ചകോരങ്ങളുടെ
തവിട്ടുനിറം ഭദ്രമായ് മനസ്സിൽ
സൂക്ഷിക്കുന്നത്?
ഇനിയേത് മുഖപടമാവും
മുകിൽനിരകൾക്കരികിൽ
ഇന്ദ്രമന്ത്രവുമായിരിക്കുന്നത്?
കേൾക്കാനാവുന്നു
കാരാഗൃഹങ്ങളുടെ സംഗീതം..
അരികിലോ
ഉരുളിയിലെ മണലരികൾ...
അരയാൽതറയിലിരുന്നെഴുതിയ
ആദ്യക്ഷരം;
വിരലിലെ വിസ്മയതുണ്ടുകൾ..
പരിഭവം വേണ്ട
അതിലെയൊരു പ്രകീർത്തനമുദ്ര
മനസ്സിൽ പതിഞ്ഞ സത്യത്തിനുമാത്രം
അവകാശപ്പെട്ടത്..
പൊടിതുടച്ചുമിനുക്കിയ
ദർപ്പണങ്ങൾക്കെത്ര തിളക്കം
സത്യം തേടിയ മൊഴിക്കും ...
നക്ഷത്രങ്ങൾ പോലെ..

No comments:

Post a Comment