ഡിസംബർ
ലോകം കൈയിലെയൊരിലയെന്ന്
പറയുവാനോ വന്നു നീ...
ആകാശമെൻ മിഴിയിൽ
നിറയുമൊരത്ഭുതമെന്നേ
എനിയ്ക്കെഴുതാനാവൂ...
പ്രപഞ്ചമുലച്ചൊടുവിൽ
മൺ തരികൾക്കിടയിൽ
നഷ്ടമായ വിവേകം തേടി
തമോഗർത്തങ്ങൾക്കൊരു സാക്ഷ്യം..
യുഗാന്ത്യങ്ങളിങ്ങനെയെന്നെഴുതിയിടാൻ
രാജ്യവീഥികൾ...
വിലങ്ങിലെയോരോചങ്ങലക്കണ്ണിയുമെഴുതിയ
കവിത തലോടിയ വിരലിൽ
നിന്നിറ്റുവീണ മഞ്ഞിൽ കുളിർന്ന
പ്രഭാതത്തിലും നീയൊഴുക്കുന്നുവോ
ആത്മാംശം നഷ്ടമായൊരരാജകകഭാവം...
തുന്നിക്കൂട്ടിയ പോരായ്മകളുടെ
ധാരാളിത്വവും മഹനീയമെന്ന്
പറയുവാനോ വന്നു നീ..
അളന്നുതൂക്കി ചുമരുകളിൽ
നീയെഴുതിയതൊക്കെയും
ശരിയുമായിരുന്നില്ല..
അരികിലോ
അരങ്ങിൽ മിനുക്കി തൂക്കിയ
ചിത്രങ്ങൾക്കടിയിൽ മൂടിയിടാനാവാതെ
മുഖം കാണിക്കും മുഖാവരണങ്ങൾ
അകലങ്ങളുടെയാപേക്ഷികതയിൽ,
നിറഞ്ഞ തണുപ്പിൽ മൂടിയ പകൽ
പ്രകാശമൊരു ദീപജ്വാല...
മിഴിയിൽ കത്തും സന്ധ്യ..
എഴുതും വിരലിൽ പടരും കനൽ...
കല്ലിലുരസി മിനുപ്പ്
നഷ്ടമായൊരുൽകൃഷ്ടകൃതി...
മൂടൽ മഞ്ഞുതൂവും ശൈത്യം
ധനുമാസമെഴുതും സർഗം..
ഒരിക്കൽ മഷിതുള്ളിയിറ്റിയ
പ്രഭാതപാത്രത്തിൽ
മരചില്ലകളുടെ ഹരിതവർണ്ണം
മൃദുസംഗീതത്തിനീരടികൾ
മാഞ്ഞ സ്മൃതി..
എഴുതിയിട്ടുമെഴുതിയിട്ടും
തീരാത്തൊരു പുസ്തകം
ഡിസംബർ....
No comments:
Post a Comment