അപരാഹ്നനിഴലുകൾ
യാത്രയ്ക്കൊരുങ്ങിയ
പകലിനെ പിന്നിൽ നിന്നുവിളിച്ചിരിക്കാം
അപരാഹ്നത്തിന്നൊരു നിഴൽ..
നിഴലനക്കങ്ങളെങ്ങനെയെന്നറിയാൻ
കിഴക്കെഗോപുരത്തിൻ
ആൽത്തറയിലിരുന്ന നാളിലാവാം
നിഴൽപ്പാടങ്ങളുടെ കഥയെഴുതും
ചുമരുകൾ കാണാനായതും..
നീർത്തുള്ളികളിൽ മഴക്കാലമുണരും വരെയും
അപരാഹ്നനിഴലുകൾ
പകലിനരികിലൂടെ ആവരണങ്ങളിലൊഴുകി
നീങ്ങിയിരുന്നുവോ?
പിന്നെയോ ആകാശത്തിനൊരീറൻ പ്രഭാതത്തിൽ
മേഘപർവങ്ങളിൽ,
കോട്ടകളിൽ, ഗോപുരങ്ങളിൽ
അപരാഹ്നനിഴലുകൾക്കപ്പുറം
രുദ്രാക്ഷങ്ങളെണ്ണിയ പ്രദോഷസന്ധ്യയിൽ
പകുത്ത പകലിന്റെ തിരുനടയിൽ
ഉടഞ്ഞൊരസ്തമയം തട്ടിതൂവിയ
വർണങ്ങളിൽ
അശോകപ്പൂവുകൾ പോലെയോ
കവിതയുണർന്നത്
പിന്നോട്ടു വിളിച്ച അപരാഹ്നനിഴലെവിടെ?
തിരിഞ്ഞുനോക്കുമ്പോഴേക്കും
സായന്തനം മൺദീപങ്ങൾ തെളിയിച്ചിരുന്നു...
ആകാശത്തിലനേകം നക്ഷത്രങ്ങളും
വിരിഞ്ഞിരുന്നു....
No comments:
Post a Comment