Monday, December 19, 2011



 മുദ്ര..

അന്വേഷണത്തിനൊടുവിൽ
കാണാനായി
തകർന്ന സാമ്രാജ്യമുദ്രയാർന്നൊരു മുഖം
ഉലഞ്ഞനഗരങ്ങൾക്കപ്പുറം
ഈറൻപ്രഭാതം 
ഗ്രാമം...
വാനപ്രസ്ഥം ഹസ്തിനപുരസ്വാർഥം
ഒരു രാജകിരീടത്തിനധിമോഹം
അവിടെയും പടിയിറങ്ങി
സ്വന്തമെന്നപദവർണ്ണം
ആരോ രാജാവിന്റെകഥയെഴുതുന്നു
അശോകനെപ്പോലെയതിരുകൾ
കവർന്നൊരു രാജാവുമാവാം..
സ്വകുലത്തെ വാനപ്രസ്ഥത്തിലേയ്ക്കയച്ച
രാജാവുമാകാം..
അതിമോഹത്തിൻ നിധിയറയിലെയാർഭാടത്തിനരികിൽ
ദൈവമുണ്ടാവില്ല
ദൈവങ്ങളെപ്പോലെ വേഷമിട്ടവരുണ്ടാവും...
തർജിമകളാൽ സ്തുതിക്കപ്പെടുന്നവർ
ആൾക്കൂട്ടത്തിനിടയിലൂടെയകമ്പടിതേടി
നടക്കുന്നവർ..
അരികുചെത്തിയാത്മാവിന്
അഴി പണിയുന്നവർ...
ശരിതന്നെ
അവരുടെയരികിലൂടെ
നടന്നാലെരിഞ്ഞുതീരും പലതും....
ഹസ്തിനപുരം മോടിയേറിയ
രാജധാനി..
അവിടെയും രാജാവുണ്ടായിരുന്നു
കിരീടവും, സിംഹാസനവും
അകമ്പടിക്കാരും
രാജസേവകരും
പുകഴ്ത്തിപ്പാടും കവികളും..
ദൈവത്തിനു പ്രിയം കുചേലത്താൽ
മറച്ചൊരവിൽ..
അറിയാമവർക്കും കഥകൾ..
എങ്കിലുമറിയില്ലെയന്നഭിനയിക്കുന്നവർ
അങ്ങനെയല്ലാതായാൽ
പിന്നെയെങ്ങെനെയാകാശത്തെയുലയ്ക്കാനാവും
ശരത്ക്കാലത്തെയുടച്ചുതിർക്കാനാവും..
വിവേകമെന്നതവരറിയും മാത്രമക്ഷരമെന്നായിരുന്നല്ലോ
ആവനാഴിയിലമ്പൊടുങ്ങും വരെയുമവരുടെ വിശ്വാസം..
ചുരുൾനിവർന്നൊരന്വേഷണത്തിൻ
ഭാഗധേയം...
ശംഖിനുള്ളിലുറങ്ങിപ്പോയ ഒരു കാവ്യം
ഭൂമൺതരികളുടെയുലഞ്ഞ മുദ്ര..

No comments:

Post a Comment