Thursday, December 8, 2011


മുദ്ര
എഴുതി മുനയൊടിഞ്ഞ
പേനതുമ്പിലിഴതെറ്റിവീഴും
ചില്ലുകൾ...
ഒഴുകിമാഞ്ഞൊരിന്നലെയുടെ
തൂവലുകൾ..
മുളംകാടിനരികിലൊരു
നീർച്ചോലയുറയും 
പോലുറഞ്ഞുതീരും ദിനം
പകലിനിറയത്തൊതുക്കിയ
ഒരുവരിക്കവിത...
സന്ധ്യയെടുത്ത 
വക്കുപൊട്ടിയ മൺ വിളക്ക്...
വിളക്കിനപ്പുറം
നിറം മങ്ങിയ ശൈത്യനിലാവ്...
കൂട്ടം തെറ്റിയ ചിന്തകൾ
പകുത്തുമാറ്റിയ, പണയപ്പെടുത്തിയ
രാജ്യത്തിന്നാധാരശില..
അശ്വത്വത്തിനടിവേരും തീക്കനലിൽ..
തെറ്റിയെഴുതിയരടിക്കുറിപ്പ്
വർത്തമാനകാലം..
മുറിപ്പെട്ട മുദ്ര 
ഒരിടവേള..
എഴുതാതെയെഴുതാതെ 
മാഞ്ഞുപോയത്
ഒരസാധാരണചരിത്രരേഖ..
പണയമെഴുതിയിടാനാവാതെ
പകച്ച് നിന്നത്
അന്തരാത്മാവ്...
ഒരീറൻപ്രഭാതത്തിലുടക്കി നിന്നത് 
വിട്ടുപോവാൻ വിസമ്മതിച്ച്
വിരലിലുരുമ്മിയ 
ഒരു ശരത്ക്കാലകാവ്യം....

No comments:

Post a Comment