Sunday, December 25, 2011


പ്രതിഫലനം
പുസ്തകങ്ങളിലുടക്കിയ കവിത...
ചില്ലുകൂടുകളിൽ നിന്നും
പുനർജനി മന്ത്രം ചൊല്ലിയുണരും
പ്രഭാതമുദ്രാമൊഴി...
ശൂന്യം പകലെന്നെഴുതിനീങ്ങുമൊരു
തൂലിക..

പകലിനായപരാഹ്നമൊരുക്കിയ
പ്രദോഷസന്ധ്യ...
രുദ്രാക്ഷമുത്തുകളാൽ തീർത്ത
ജപമാല.....
ശൂന്യതയിലൊരുണർവ്
ഒരു സ്വരമായൊരുവരിക്കവിതയായുണരും
ഹൃദ്യ ധ്വനി.
വൈരുദ്ധ്യങ്ങളുടെ വിഷമകാലം
ആൾക്കൂട്ടത്തിനധികസ്വരങ്ങൾ
തീരത്തിനകലെയൊരു ജപമണ്ഡപം
കടൽ ശംഖിലെയൊരുസ്വരം..
അതിസങ്കീർണ്ണമാമാവരണങ്ങളില്ലാതെ
അരികിൽ ഡിസംബർ...
ശൂന്യതയുടെയുടയും ചിത്രം
ഒരോ തുണ്ടിലുമൊരക്ഷരം
ഒരിലയനക്കം
മഞ്ഞുതരിവീണ പ്രഭാതം
മനസ്സിന്റെയുണർവ്...
ശൂന്യതയ്ക്കുമൊരു ഭംഗി
ഉൾക്കടൽ പോലെ....
ചുറ്റും പ്രതിദർപ്പണങ്ങൾ...
പ്രതിഫലനമോ
ഉടഞ്ഞസ്വരങ്ങളിൽനിന്നുയിർക്കൊള്ളും
രാഗമാലിക....

No comments:

Post a Comment