Friday, December 30, 2011


മൊഴി
ആത്മാവിന്റെയക്ഷരകാലത്തിൽ
പതാകയുടെ അശോകപ്പൂവർണ്ണം
അഗ്നിനിറം...
വിലയിട്ടെടുക്കും തൂലികൾക്ക്
വേറൊരു വർണ്ണം
അതിലൊരധികകൃത്രിമത്വം
മഷിചെപ്പിൻ  മേഘദൈന്യം...
ഈറനാർന്നൊരു പ്രഭാതത്തിൽ
ത്രിവർണപതാക താഴ്ത്തിനിൽക്കേണ്ടിവരും
സ്വാതന്ത്ര്യത്തിൻ മിഴിനീർ...
മഹത്വമെഴുതിയുണ്ടാക്കും
സിന്ധുനദീതീരം...
ശംഖിൽ നിന്നൊഴുകും കടലിൽ
ത്രികാലങ്ങളുടെ സാക്ഷ്യം...
കാറ്റിന്റെ മർമ്മരം..
ഒളിച്ചും മറച്ചും 
പാടിയാവർത്തനവിരസതയിൽ
നിറം മാഞ്ഞുനിൽക്കും ഒന്നാം കാലം
ഒരു വർണം..
അതിനരികിലോ
സ്ഫുടം ചെയ്ത മനസ്സിലെ
കീർത്തനസ്വരമായ്
ഹരിതാഭമാം പ്രപഞ്ചം...
ഇടറിവീണതൊരു നിമിഷകാലം
മൺ തരികളിൽ നിന്നുണരുന്നത്
പ്രഭാതത്തിന്റെ നനുത്ത കവിത
അക്ഷരങ്ങളുടെയകക്കാമ്പിൽ
അക്ഷയപാത്രം..
ഒരില..
ഒരു സ്വപ്നം..
മൊഴിതൊട്ടുണരും കവിത...

No comments:

Post a Comment