മൊഴി
തെളിമയേറിയ മൊഴിയെവിടെ
കലങ്ങിയ ജലശേഖരങ്ങളരികിൽ
നിറം മങ്ങിയ ശൈത്യത്തിൻ
മഞ്ഞുപാളിയിൽ തട്ടിയുടയും
അക്ഷരങ്ങൾ
തെളിമയേറിയ പ്രഭാതമെവിടെ
ഉരകല്ലിലുരസിയുരസി
മുൾവാകയിലുടക്കിക്കീറി
ആകാശത്തിനൊരു തുണ്ട്
ചക്രവാളത്തിനരികിൽ
തെളിമയേറിയ മനസ്സെവിടെ
മുകിൽപ്പാടങ്ങളിലോടി
മുഖാവരണം നഷ്ടമായൊരു പുഴ
കാലം കുരിശേറ്റിയ നിമിഷങ്ങൾ
ഉടഞ്ഞ ഘടികാരസൂചി
തെളിമയില്ലാത്ത വിപ്ലവം
ഉലഞ്ഞ സാമ്രാജ്യം
അടുക്കിയൊതുക്കുമ്പോഴേയ്ക്കും
വാതിലുലയ്ക്കും
വർത്തമാനകാലം
തെളിമയേറിയതെല്ലാം
ഒഴുകിമാഞ്ഞിരിക്കുന്നുവോ
പ്രളയത്തിരയിൽ..
വിരലിലെ മൊഴിയതുപോലെ,
മൺ തരിപോലെ,
ശേഷിപ്പുകൾക്കൊരു തണുപ്പ്
അതിശൈത്യം പോലെ
ഒഴുകിയൊഴുകിയെഴുതിയെഴുതി മാഞ്ഞ
ഗുഹാമൗനത്തിൻ മുഴക്കം പോലെ
ശേഷിപ്പുകൾക്കൊരു തണുപ്പ്
ഒരു ജീർണ്ണത...
No comments:
Post a Comment