Thursday, December 29, 2011


സ്വരം
പകലെരിയും ദിനാന്ത്യത്തിലൊരു
മഴക്കാറിൻ തീരം
ആകാശത്തിനുമനന്തകോടി
നക്ഷത്രങ്ങൾക്കുമരികിലോ
ഒരു പദം..
മെല്ലെയാത്മാവിൽ വിരിയും
സ്വരം..
ചിലമ്പിലുടഞ്ഞുതീർന്നൊരു
മുത്ത്
പകലിൻ വെൺചുമരുകളിൽ
വെളിച്ചത്താലൊരു
മറുകുറിപ്പെഴുതിയാലതിലേയ്ക്ക്
കാഞ്ഞിരകയ്പൊഴുക്കും കുലം
എഴുതാനൊരുവിരൽതുമ്പിൽ
വിതുമ്പിനിൽക്കുമൊരു
തൂവൽസ്പർശം
അകലെയറിഞ്ഞുതീർന്ന
വിപ്ലവം
മുൾക്കമ്പിപോലെ ഹൃദയം കോറിയ
മുഖാവരണങ്ങൾ
ഇന്നലെയുടെയക്ഷരകാലം തെറ്റിയ
ഋതുക്കൾ
പയറ്റിതെളിഞ്ഞൊരു സഭാതലത്തിൻ
മേളവാദ്യങ്ങൾ
ജനൽ വിരികളിൽ തുന്നിയിട്ട
പൂക്കളിലൂടെ നടന്നുനീങ്ങും സായന്തനം
എഴുതിമുറിവേൽപ്പിച്ച നിഴൽതുള്ളികളുടെ
ന്യായരേഖകൾ
വെൺചുമരുകളിൽ നക്ഷത്രവെളിച്ചം
മിഴിയിലോ ലോകത്തിൻ മൺദീപങ്ങൾ
സ്വയരക്ഷതേടിയൊടുവിൽ 
സ്വസ്തികമുദ്രയിൽ ചുരുങ്ങിയ യുഗം
കടലേറുന്നുവോ വീണ്ടും 
മഴതുള്ളികളിൽ....

No comments:

Post a Comment