Tuesday, December 6, 2011


സ്മൃതി
കഥയറിയാതെ 
നീങ്ങിയതൊരു ഋതു
കഥകളെല്ലാമറിയും
വേറൊരു ഋതു
ഇടവേളയോ ഒരു നിമിഷം..
ഇടറിയ ഒരു സ്വരം..
തുള്ളിപ്പെയ്ത തുലാവർഷം
ഒരു തുലാസിനധികകാലം
വിഷമവൃത്തങ്ങളിലൂടെ
നിഴലനക്കത്തിലൂടെ
നീങ്ങും പകൽ വെട്ടം
നിറഞ്ഞൊഴുകാനൊരായിരം
കുടം കടമെടുക്കും പുഴ..
നിറഞ്ഞൊഴുകിയ തീരങ്ങളിലെ
അസന്തുലിതമാം
തിരയേറ്റത്തിലാകുലപ്പെടും
കടൽ..
മൊഴിയിലൊരു മഞ്ഞുകാലപ്പൂവ്
മുന്നിലോ കേട്ടുമടുത്ത
കഥാവലോകനം...
മിഴിയിൽ പ്രഭാതം പൂക്കുമ്പോൾ
വിടർന്ന പൂവുകൾക്കരികിൽ
വിരലിൽ തലോടുമൊരു
പുൽക്കൊടിതുമ്പിലെകവിത
കാലമോ കടം തീരാത്ത
ഭാഗപത്രത്തിനരികിൽ
കുടഞ്ഞിടുന്നു കുറെയേറെ
അക്ഷരങ്ങൾ..
ജപമാലയിൽ തിരിയും ഭൂമി...
ഇടയിലുടഞ്ഞ ഒരു രുദ്രാക്ഷം..
പ്രദോഷസന്ധ്യ...

No comments:

Post a Comment