ശരറാന്തലുകൾ
എഴുതി തണുപ്പാർന്നൊരു
കഥയുടെയരികിലൊരു
മുകിൽ നിറമാർന്ന ചിത്രം...
ചക്രവാളത്തിനരികിലെ
കമാനത്തിൽ തുലാമഴയൊഴുകി
പാതി മാഞ്ഞൊരാധുനികചിത്രം..
വെടിപ്പാർന്നൊരു പാതയിലോ
നിഴൽതുള്ളികൾ..
വഴിയോരത്തിടറിവീണൊരു
നുറുങ്ങുവെട്ടം...
കാല്പദങ്ങളിലോടിമാഞ്ഞൊരു
ദിനത്തിന്നവസാനപദം..
അപരാഹ്നമെഴുതിയ
പെയ്തൊഴിഞ്ഞസ്വരങ്ങളുടെ
രാഗമാലിക..
ഇമയനങ്ങും നേരമുറങ്ങിപ്പോവും
സന്ധ്യ..
ചുരുങ്ങിയ ലോകം നീർത്തിയിടും
ഭൂപടത്തിൽ
തുടർക്കഥയുടെ തൂവൽപ്പാടുകൾ..
ശരറാന്തലുകൾ തൂങ്ങിയാടും
ആകാശത്തിനരികിൽ
വിളക്ക് തേടിയിരിക്കുന്നതാരോ..
മിഴിയോളം നിറയുമൊരാദിതത്വത്തിൽ
അപാരതയുടെയടിസ്ഥാനാക്ഷരങ്ങളിൽ
ആരൂഢം തടുത്തിരിക്കുന്നു
ഒരു സ്ഥാപകശില..
വയൽ വരമ്പിലൂടെയൊരു ഗ്രാമം
നടന്നുനീങ്ങും
ഡിസംബറിലെ പ്രഭാതത്തിൽ
എവിടെയായിരിക്കും
നക്ഷത്രങ്ങൾ ശരറാന്തലുകൾ
ഭദ്രമായ് സൂക്ഷിക്കുക...
No comments:
Post a Comment