Friday, December 23, 2011

നക്ഷത്രങ്ങൾക്കായൊരു
കവിത

ഒരിലചീന്തിൽ 
ചന്ദനസുഗന്ധവുമായരികിൽ
ഗ്രാമം..
നഗരമൊരു പുറം ചട്ടയിട്ട
പുസ്തകത്തിലൊതുക്കാനാവാതെ
വളർന്നൊരു പൊയ്മുഖം....
രണ്ടിനുമിടയിലെവിടെയോ
ഉടഞ്ഞുതീരും ദിനങ്ങൾ
ചിറകെട്ടി പൂട്ടിയൊരു 
സംഖ്യാചിത്രത്തിലുതിർന്നുവീഴും
സംവൽസരങ്ങൾ.....
കൈതട്ടിവീണൊരു ചില്ലക്ഷരം
കാൽപ്പദങ്ങളിലൊഴുകിയ
നീർച്ചോല...
ഉപവസിക്കുമുണ്മ തിടമ്പേറ്റിയ
വിപ്ലവശീലുകളിൽ നിന്നകന്നുനീങ്ങും
നേരിന്റെയൊരുതരിവെട്ടം
ചിതറിയ രാജ്യത്തിനിളകുമാരൂഢശില..
അനക്കമറ്റൊരാൽത്തറയിൽ
തപസ്സിലോ സായന്തനം?
കൽപ്പടവിൽ കാൽതെറ്റിവീണൊരസ്തമയം
കായലോളങ്ങളിൽ തീയേറ്റുമ്പോൾ
ഡിസംബർ മൺദീപങ്ങൾതെളിയിച്ച്
നക്ഷത്രങ്ങൾക്കായൊരു 
കവിതയെഴുതുന്നു...

No comments:

Post a Comment