Thursday, December 15, 2011

നക്ഷത്രങ്ങളെഴുതും പോലെ


ഒരിക്കൽ
ചിന്തകൾ അപാരവും 
സാഗരം പോലെ വ്യാപ്തവുമായിരുന്നു
ഇന്നുമങ്ങനെതന്നെയെങ്കിലും
ഇടയ്ക്കിടെ വാതിലുലയ്ക്കൊരു
പുരോഗമനവുമുൽകൃഷ്ടവുമെന്നഴുതിയ
ഫലകങ്ങളിലെ കാവ്യങ്ങളിലെയതിരുലയ്ക്കും
മുൾപ്പാടുകളിലുടക്കിയെന്തിനീഹൃദയം 
ചുരുക്കിയൊതുക്കണമെന്ന്
ഭൂമിയും ചിന്തിച്ചുപോകുന്നു..
മിതമായി, മൃദുവായി ചിന്തിക്കുമ്പോൾ
യുക്തിയുടെ പരിമിതികൾക്കപ്പുറം
തൊടുകുറിയും, മുൾപ്പാടും
നിഴലനക്കവുമില്ലാതെയും
ചിന്തകളപാരസാഗരവും താണ്ടി ചക്രവാളത്തിലെത്തിനിൽക്കുമ്പോൾ
ഇന്ന് പലതുമറിയാനുമാവുന്നു..
അതിനാലാവുമെഴുതി നീർത്തിയിടും
പലേ ഋതുക്കളുടെയരുളപ്പാടിനുമപ്പുറം
ഒരു നേർത്ത കാവ്യം മിഴിയിലുണരുന്നത്
നക്ഷത്രങ്ങൾക്കുമൊരു കഥയറിയാം
അറിഞ്ഞതുമെഴുതിയതിനുമപ്പുറം
ഇടയിലെവിടെയോ വീണുടഞ്ഞ
തുടക്കവുമറ്റവും തേഞ്ഞുമാഞ്ഞ കഥ
അതിനുമപ്പുറമെഴുതും കഥയെല്ലാം
സ്വാർഥം..
അഹം എന്നൊരാപേക്ഷികതയ്ക്കൊരു
തുലാഭാരത്തൂക്കം കൂടുതലേകാൻ
പെരുപ്പിക്കുമൊരു മനുഷ്യകുലസാധാരണത്വം...
ഇടവേളയുടെ ദുരവസ്ഥ...
അതുമൊഴുകി മായും
ഒരു നാൾ..
ചിന്തകൾ വ്യാപ്തവും അനന്തവുമാകും
ദിനങ്ങളിലേയ്ക്ക് യാത്രയാവുമ്പോഴേക്കും
വർത്തമാനകാലവ്യഥകളും മാഞ്ഞുപോയേക്കും
പിന്നെയോ ചിന്തകളിൽ നിന്നുണരും
മനോഹരമാമൊരു കാവ്യം
നക്ഷത്രങ്ങളെഴുതും പോലെ
ഹൃദ്യമാമൊരു കാവ്യം....

No comments:

Post a Comment