Wednesday, February 22, 2012


മൊഴി


ആകാശവാതിലിനരികിൽ
ദൈവം കണ്ടുകൊണ്ടേയിരിക്കുന്നു
അഹമെന്നടിവരയിട്ടൊഴുകും
ഘോഷയാത്രകൾ,
ഉത്സവങ്ങൾ, 
അമിതവർണ്ണപ്പൊട്ടുകൾ..
ദൈവമറിഞ്ഞിരിക്കുന്നു
ചില രാജകലകൾക്കാവശ്യം
ആളെകാട്ടാനായ്
സ്തുതിപാലകരുടെയല്പത്വം...


ഭൂരാഗമാലികയ്ക്കെന്തിനൊരലങ്കാരം
കടലിനെന്തിനൊരു നിധികുംഭം
ആകാശത്തിനെന്തിനൊരു
കൃത്രിമദീപം..
മഴതുള്ളിക്കവിതകൾക്കെന്തിനൊരു
നിറം
ദൈവമറിഞ്ഞിരിക്കുന്നു
അക്ഷരങ്ങളിലൊഴുകും
ഹൃദ്സ്പന്ദങ്ങൾ..


ഇമയനങ്ങും നേരം മാഞ്ഞുപോയ
നിമിഷങ്ങളിൽ, ഋതുക്കളിൽ
സംവൽസരങ്ങളിൽ
ഒന്നേ വ്യത്യസ്തമായിരുന്നുള്ളൂ
ദൈവത്തിന്റെ കൈമുദ്ര
ശിരസ്സിലൊഴുകിയ
മൃദുവാം സ്വാന്ത്വനം..
മറ്റുള്ളതെല്ലാം
നിഴൽപ്പൊട്ടുകൾ പോലെ
മേഘങ്ങൾ പോലെ
പലേ ആകൃതിയിൽ
പലേ രൂപത്തിൽ
മാറിക്കൊണ്ടേയിരുന്നു...

No comments:

Post a Comment