Friday, February 10, 2012

മൊഴി


എഴുത്തുമഷിപ്പാടുകൾ
ഒരുനാളിൽ ഭയമേകിയിരുന്നു
ഇന്നങ്ങനെയൊന്നുമില്ല
അതോർമ്മിച്ചനുഭവിച്ച
 നടുക്കവും മെല്ലെ
ഘനീഭവിച്ചുകൊണ്ടേയിരിക്കുന്നു


മഴവീണുനനഞ്ഞുകുളിർന്ന
മണ്ണിൽ നിന്നുണരും
ഒരു പുൽനാമ്പിൻ
കവിതയ്ക്കഹമെന്ന
ഭാവമുണ്ടാവില്ല
അതുണരുന്നതു
മനുഷ്യരുടെ ചിന്തകൾ
തളിർക്കും ശിരോരേഖയിൽ


നിറഞ്ഞസമുദ്രത്തിലേയ്ക്ക്
വീഴും മഴ
ഒരു കവിത


ആകാശത്തിനെഴുത്തുപുരയിൽ
തിരക്കിലായിരുന്നു
ഭൂമിയുടെ ചിന്തകൾ
അതിനാലാവും
അരികിൽ
നടന്നതൊന്നുമന്നറിയാതിരുന്നതും
വിസ്ഫോടനങ്ങളുടെയർഥം
തേടിയൊരുപാടുനാൾ
തീരഭൂവിലൂടെ നടക്കേണ്ടിവന്നതും


ഇരുകൈയിലുമെന്തുനിറയുന്നു
എന്നോർത്തുഭൂമിയാകുലപ്പെടുന്നതേയില്ല
പ്രകൃതിയെത്ര മനോഹരമായ്
മഴയിൽ ശ്രുതിചേർത്ത്
ഭൂമിയിൽ ചന്ദനമരങ്ങൾ നടുന്നു..

No comments:

Post a Comment