Friday, February 3, 2012


മൊഴി


ചില്ലുകൂട്ടിലെയുടഞ്ഞ
ചില്ലുകളിലൂടെ 
അകത്തളത്തിലേയ്ക്ക്
നടന്നുവന്നു
വിശ്വസിക്കാനാവാത്തത്രയും
അവിശ്വാസ്യത..


ധർമ്മശാലയിലെ
തീർഥക്കുളങ്ങൾ പോലും
കലങ്ങിയുലയുന്നതെന്തേ


പടിവാതിലിൽ
പണയം വയ്ക്കാനാവാത്ത
മനസ്സാക്ഷിയുടെ ദൈന്യം


എണ്ണംതിരിച്ചിട്ട
അക്ഷരങ്ങളിലൂടെ
അച്ചുകൂടങ്ങളിലൂടെ
ചുറ്റും കാണാനായ
ആരവങ്ങളിലൂടെ
അറിയാനായി
ആശ്വാസകരമായതൊരു
നേർത്ത കാവ്യത്തിൻ
സ്പന്ദനം മാത്രം


അരയാലിലയിലെഴുതാനാവാതെ
വളർന്നു വലുതായ പുരാണങ്ങളിലെ
ഒരിലയിൽ ഗ്രാമം...


എണ്ണിത്തീരാത്തത്രയും
മൺ തരികൾക്കരികിൽ
ശംഖിൽ നിറയുന്നു
ഭൂമൺചെപ്പിൽ നിന്നൊഴുകും
സമുദ്രസംഗീതം...


ഇടവേളയിലിടനാഴിയിൽ
തണുപ്പാറ്റാനിരുന്ന
ജനുവരിയുടെ നെരിപ്പോടിനരികിൽ
കത്തിയെരിഞ്ഞു 
ഭൂമി ഭദ്രമായ് സൂക്ഷിച്ച
കുറെയേറെ എഴുത്തുതാളുകൾ
പാതികരിഞ്ഞ ചിറകുകളിറ്റുവീണ
അക്ഷരങ്ങൾ വിരലിലൊരു
കൂടുപണിതു....



No comments:

Post a Comment