Monday, February 27, 2012


മൊഴി

ആകാശമെഴുതി
ഭൂമിയ്ക്കായ്
ഒരനശ്വരകാവ്യം


അന്തരാത്മാവിൽ
മൺദീപങ്ങൾ പോൽ
പ്രകാശം തൂവുന്നു
ആകാശനക്ഷത്രങ്ങൾ


ചുറ്റുവലയങ്ങളിലെ
ചിന്താമണ്ഡലത്തിനകലേയ്ക്ക്
നീങ്ങിയിരിക്കുന്നു
ഉൾക്കടലിൻ സ്വരങ്ങൾ


മറന്നിട്ട ചിന്തകൾ പോലെ
ഓരം ചേർന്നുപോയ 
അപരിചിതലോകത്തിൻ
ഒരായിരം സങ്കല്പങ്ങൾക്കരികിൽ
വാത്മീകത്തിനുള്ളിലെ
കാവ്യം വേറിട്ടുനിന്നു


വിരൽതുമ്പിലുരുമ്മിയ
അറിവിന്നക്ഷരങ്ങൾ
ഭദ്രമായ് സൂക്ഷിച്ചു
പതിനാലുലോകവുമുള്ളിലൊതുങ്ങും
വിരാട് ചൈതന്യം


വെളുത്ത കവടിശംഖിൽ
നിന്നൊഴുകിയ
പരിഹാരവിധിച്ചാർത്തുമായ്
സോപാനവും പ്രദക്ഷിണവഴിയും
കടന്നുനീങ്ങിയ യുഗം
അരയാൽത്തറയിലുപേക്ഷിച്ചുപോയി
ദയ, കാരുണ്യം, ദൈവികത


കിഴക്കേചക്രവാളം
ഇലക്കീറ്റിലേകി 
മനോഹരമാമൊരു കാവ്യസർഗം
ചന്ദനവും, തുളസിപ്പൂവും..



No comments:

Post a Comment