Monday, February 6, 2012

മൊഴി


അറിവിന്റെയക്ഷരം തെറ്റിയ
ചിന്തകൾ തീയിട്ടുകരിയിച്ച
രാജ്യപതാകയുടെ
വർണം പോലെ
മനസ്സ്...


ചിത്രകമാനങ്ങളിൽ
തൂങ്ങിയാടും
ചിത്രങ്ങൾ പോലെ
പ്രദർശനവസ്തുവെന്നപോൽ
കമാനങ്ങളിൽ
തൂക്കിയിടാനാവുമോ
ഹൃദ്സ്പന്ദങ്ങൾ..


നെരിപ്പോടുകളിലെ
തീയണയ്ക്കും നേരം
ചിതറിയ കനലിലുടക്കി
കടലാസുതുണ്ടുകളിലെഴുതിയ
കഥകൾ പലതും
അവിടെയുമിവിടെയും
കരിഞ്ഞുതീർന്നു


ഭൂമിയിൽ വിരിയും
പൂവുകളുടെ സുഗന്ധം
എത്രമനോഹരമാം
ചായത്തിൽ മുക്കിയാലും
കൃത്രിമപൂവുകൾക്കുണ്ടാവില്ല


എല്ലാമെഴുതുന്നതും
തീർപ്പുകൽപ്പിക്കുന്നതും
നാലുമടക്കിൽ 
നീർത്തിപെരുപ്പിക്കും ലോകം
അതങ്ങനെതന്നെയന്ന്
അനുവദിച്ചുകൊടുക്കാത്തതായിരിക്കും
ആഴക്കടലിന്റയപരാധവും


മനോഹരമീ പ്രപഞ്ചം

അതിലെയൊരു ഹൃദ്യമാം 
കാവ്യം ഗ്രാമം..
അതിനരികിലിരുന്നുകാണാം
പുരോഗമനങ്ങളുടെയന്ത്രച്ചരടുകൾ
വലയം ചുറ്റുന്ന ഗ്രഹദൈന്യങ്ങളിലും
പ്രകാശം കെടാതെ
സൂക്ഷിക്കും നക്ഷത്രദീപങ്ങളെ..

No comments:

Post a Comment