Wednesday, February 1, 2012


ഹൃദ്സ്പന്ദനങ്ങൾ


തെളിനീർ പോലെ പെയ്യും
മഴതുള്ളിയിലൊഴുകും
ഹൃദ്സ്പന്ദനശ്രുതിയ്ക്കാവശ്യമോ
അനേകായിരം അടിക്കുറിപ്പുകൾ
അനേകരെഴുതും സങ്കല്പവുമാവില്ല
ഭൂകൽപ്പങ്ങൾ..


ശാന്തിനികേതനത്തിൻ
പൂർണ്ണഭാവത്തിലേയ്ക്ക്
മനസ്സിനെ പുനപ്രതിഷ്ഠിക്കാൻ
ശബ്ദമുഖരിതമാം
പലവാതിലുകളും
അടക്കേണ്ടിയിരിക്കുന്നു


വരും വരായ്കയുടെയക്ഷരതെറ്റുകൾ
അങ്ങനെതന്നെയൊഴുകട്ടെ
ആകാശത്തിനരികിൽ
മേഘങ്ങൾ പോൽ


ഋതുക്കളുടെ കൂടയിൽ
സൂക്ഷിക്കാൻ ഒരു മുനമ്പ്
അതിനരികിലിരുന്നാൽ
അശോകപ്പൂവിൻ നിറം പൂശിയ
ഒരോർമ്മയുണ്ടാവും
ധ്യാനമണ്ഡപത്തിൽ


വലയങ്ങളിൽ മൂടിയ
കുറെയേറെ പകലുകൾ
തൂവിയിടുന്നു മുന്നിൽ
പ്രപഞ്ചവർണങ്ങൾ


മനസ്സിൽ
ഇമയനങ്ങും നേരം
മാഞ്ഞുതീരാത്തൊരു സ്വരം
കടലിനാന്ദോളനസ്വരം





No comments:

Post a Comment