Wednesday, February 29, 2012

മൊഴി


രാജ്യമുടഞ്ഞുതകരും വഴിയിൽ
മുത്തുപോൽ
അക്ഷരങ്ങളൊഴുകി
പിന്നീടവയൊന്നായ്
വിരൽതുമ്പിലുരുമ്മിയൊരു
കവിതയിലുറങ്ങി


അലങ്കരിച്ച രഥങ്ങളിൽ
മൂടിവച്ച മിഥ്യ മുഖപടം
നീക്കിയൊരുത്തരായണവഴിയിൽ
പതാകകൾ താഴ്ത്തിയ
ധ്വജസ്തംഭങ്ങൾ നിന്നു


നീർച്ചോലകൾ വറ്റിയ
വേനൽപ്പരപ്പിൽ
വിവേകം നഷ്ടമായ
ഒരു യുഗം നീട്ടിയ
ചിത്രകമാനത്തിൽ
നിറഞ്ഞു
കരിമഷിക്കോലങ്ങൾ


അയഥാർഥ്യങ്ങളരിച്ചെടുത്ത
കൂടയിൽ തേൻപോലെ
മധുരിച്ചു മനോഹരമാമൊരു
കാവ്യസ്വരം


പഴയകണക്കെഴുതിതീർത്ത്
അരയാൽത്തറയിൽ
നിഴൽപ്പൊട്ടുകൾ തൂവിയ
ദിനങ്ങൾക്കരികിലൂടെ
ഭൂമി മെല്ലെ നീങ്ങി


സ്വപ്നങ്ങളുടഞ്ഞ
നക്ഷത്രവിളക്കിൽ തിളങ്ങി 
ആകാശം കെടാതെ
സൂക്ഷിച്ച പ്രകാശം...

No comments:

Post a Comment