Thursday, February 2, 2012


സ്മൃതിവിസ്മൃതികൾ


എഴുതിയെഴുതി
മുന്നിൽ നീർത്തിയിടാനാരോ
പരിശ്രമിക്കുന്നു
സ്നേഹത്തിന്റെ കൃത്രിമ ഭംഗി


ചതുരപ്പെട്ടിയിൽ
വന്നുനിറയും കുറിപ്പുകൾക്ക്
മറുകുറിയെഴുതി
വിരൽതുമ്പിനുമൊരു നോവ്


സ്നേഹം ചെയ്തിട്ടുപോയ
പ്രതികർമ്മങ്ങളുടെ കനലിൽ
അന്ന് ഹൃദയത്തിനൊരുവശം 
പുകഞ്ഞുതുടങ്ങിയിരുന്നു
അതിലേയ്ക്കിത്തിരിയമൃതുതൂവിയത്
ശാന്തിനികേതനം മാത്രം
മറ്റുള്ള നിഴലുകൾ
പിന്നിലൊളിപാർത്ത്
കരിഞ്ഞ ഹൃദയത്തിൻ 
തുണ്ടുകളുമായ് മഷിപ്പാടത്തിലൂടെ
ഘോഷയാത്ര ചെയ്തു..


അരയാൽത്തറയിലിരുന്നൊരു
ഗ്രാമമെഴുതിയ കവിതയിലൂടെ,
ശാന്തിനികേതനത്തിലൂടെ
മനസ്സിനെ തിരിച്ചുവിടാനൊരുങ്ങുമ്പോഴും
ആവും വിധം പിന്തുടർന്നുകൊണ്ടേയിരുന്നു
നിഴലുകൾ 
എന്തിനെന്ന് ചോദിച്ചാലവർക്കതറിയുകയുമില്ല..


പരിഹാരമില്ലാത്തൊരനാവശ്യദൈന്യം;
അതിന്റെയോരോനൂൽതുമ്പും
കടും കെട്ടിൽ ചുറ്റിവരിയും
ഭൂമിയുടെ പ്രദക്ഷിണവഴിയിൽ
നിന്നോരോ ഋതുക്കളുടെ
ഋതുപ്പകർച്ചയും കണ്ടുകണ്ടിരിക്കുമ്പോൾ
ഒന്നറിയാനാവുന്നു
മനുഷ്യരും ഋതുക്കളുമൊരു പോലെ
മാറിക്കൊണ്ടേയിരിക്കും... 

No comments:

Post a Comment