Thursday, February 16, 2012

മൊഴി


ഭൂകാവ്യമെഴുതിയ ഹൃദയം
അവൻ തുണ്ടുതുണ്ടാക്കി,
അതിനുള്ളിലുറങ്ങിയ
നക്ഷത്രസർഗങ്ങൾ
ഊറ്റിയെടുത്തൊരു
പാനീയമാക്കി
അതിൽ കടും നിറങ്ങളൊഴുക്കി
വേറൊരു സ്ത്രീക്ക്
കുടിക്കാനേകി
അവളതും നുകർന്നങ്ങനെ
രാജ്യവീഥിയിലൂടെ
ഘോഷയാത്രചെയ്യുന്നു
രാജതന്ത്രങ്ങളിൽ
പുകഞ്ഞ പകയുടെ
അപക്വരൂപം..


പകതീർത്തുപോവാനൊരുങ്ങിയപ്പോൾ
അനധികൃതകൈയേറ്റത്തിൻ
മുദ്ര മായ്ക്കാനവൻ മറന്നുപോയി
ആ താക്കോൽക്കൂട്ടവും കൂടി
കടലിലേക്കെറിഞ്ഞവൻ
പോയിരുന്നെങ്കിൽ
ഇത്രയേറെ പക
ഭൂമിയ്ക്കുമുണ്ടാകില്ലായിരുന്നു..


പഴം കഥ പോലെ
ഋതുക്കൾ പോലെ
ദിനാന്ത്യക്കുറിപ്പുകൾ പോലെ
പലതും മാറ്റും പോലെ
സ്നേഹവും മാറ്റിക്കൊണ്ടേയിരിക്കുന്നവരോട്
എന്തുപറയാൻ


പഴയകാലത്തിലെയോർമ്മകളിൽ
പോലുമുണരുന്നു ഒരു നടുക്കം
അതു സഹിക്കാനായതിനാൽ
പവിഴമല്ലിപ്പൂവിതളിൽ വിരിയും
നുറുങ്ങു കവിതകളെ
സ്നേഹിക്കാനിന്നുമാവുന്നു..



No comments:

Post a Comment