മൊഴി
അനുഭങ്ങളുടെ നിരതെറ്റിയ
ദിനങ്ങളടുക്കിയപ്പോൾ
ഒരു തട്ടിൽ
തിളങ്ങി കാണാനായി
പ്ലാസ്റ്റിക്ക്മൂടിയിട്ട
ഒരു ഹൃദയം...
കീറിമുറിഞ്ഞ സ്പന്ദനങ്ങൾ
ആരും കാണാതിരിക്കാനാവും
പ്ലാസ്റ്റിക്കിലൊരു മൂടി
തുന്നിയെടുത്തതും
തിളങ്ങാനല്പം കനൽ തൂവിയതും
അറിവില്ലായ്മയുടെ
ചങ്ങലകൾ
പ്രകാശബിന്ദുക്കളെ
അറയിൽ പൂട്ടി തഴുതിട്ടു
മടങ്ങി..
സൗഗന്ധികങ്ങളുടെ വെണ്മനിറഞ്ഞ
ചുമരിലെഴുതിയ കാവ്യചിത്രത്തിൽ
കരിനിഴലിറ്റിച്ച
തണൽ ശാഖകൾക്കരികിൽ
ഋതുക്കൾ നിശ്ചലം നിന്നു
ആകാശത്തിനതിരായി
മുൾവേലികെട്ടിയപ്പോഴും
അതിൽ നിറഞ്ഞൊഴുകി
നക്ഷത്രകാവ്യങ്ങൾ
ചില്ലുകൂടിനുള്ളിലടർന്ന
ചില്ലുപാളികളിൽ വീണു
മുറിവേറ്റ ഹൃദയത്തിലേയ്ക്ക്
തീർഥമൊഴുക്കി അളകനന്ദ
ദൈർഘ്യം വളർന്ന
സമാന്തരപാതകൾക്കരികിൽ
തളർന്നിരുന്നു
നിർണയരേഖകൾ
പലതായിതിരിഞ്ഞൊഴുകിയ
പല വഴിയിലൂടെ
നടന്ന് ഉൾക്കടലിലേയ്ക്കൊഴുകിയ
ശംഖിൽ കാണാനായി
ചക്രവാളത്തിനരികിലെ
കാവ്യസങ്കല്പം...
No comments:
Post a Comment