രൂപം നഷ്ടമായ ഇതളുകൾ
ആർദ്രമായൊരു
പ്രഭാതത്തെയും
ഉരകല്ലിലിട്ടുരച്ചാൽ
ബാക്കിയുണ്ടാവുക
രൂപം നഷ്ടമായ
ഇതളുകളാവും
ലോകം ചുരുങ്ങുന്നത്
എവിടെയെന്നന്വേഷിച്ച്
ലോകം ചുറ്റേണ്ടതില്ല
മനുഷ്യമനസ്സിന്റെ
സങ്കുചിതഭാവത്തിനരികിൽ
ചുരുങ്ങിയൊടിഞ്ഞ
ലോകത്തെയും കാണാനാവും
ചുറ്റും വലയമിട്ട
അഭിനയശാലയിൽ നിന്നും
തിരികെയെത്രയോ പ്രാവശ്യം
നടന്നിരിക്കുന്നു ഭൂമി
ഭൂമിയുടെയതിരുകൾ
കൈയേറി ചായം തൂവി
സ്വയം അപഹാസ്യരാവാനാവും
അച്ചുകൂടങ്ങളും അന്ന് പരിശ്രമിച്ചത്
ഭൂമിയുടെ ദു:ഖം വേറൊന്ന്
എത്ര അപഹാസ്യകരമായ്
വലിച്ചു താഴ്ത്തിയിരിക്കുന്നു
രാജ്യപതാക..
അതിലെ വർണ്ണങ്ങളിൽ
അഗ്നി...
മഹാസമുദ്രത്തിനരികിലിരുന്നാൽ
ഉദയവുമസ്തമയും കാണാം
സമുദ്രം കാണും പോലെയത്
കണ്ടുനിൽക്കാൻ
മനുഷ്യകുലത്തിനെവിടെ
സമയം??
ഒന്നെഴുതി മറ്റൊന്നിനെയക്ഷരപ്പിശകാക്കി
കളം തെറ്റിയ കോലങ്ങളെപ്പോൽ
ഹൃദ്സ്പനന്ദനങ്ങളെ
മണ്ണിൽ തൂവിയിടാനാവില്ല
അതിനാലാവും സ്മൃതിവിസ്മൃതികളുടെ
തണുത്ത ശൈത്യവും കടന്ന്
ഹൃദയം ഭൂമിയുടെയുൾക്കടൽ
തേടി യാത്രയാവുന്നതും...
എഴുതിയെഴുതി കമാനങ്ങൾ
നിറയ്ക്കണെമെന്നാകാശമാഗ്രഹിച്ചതേയില്ല
ചക്രവാളത്തിനരികിൽ
തിരയേറിയ സന്ധ്യയിൽ തെളിഞ്ഞ
നക്ഷത്രവിളക്കുകളിൽ വിടർന്ന
കാവ്യാത്മകഭാവം
കാണാതെയിരുന്നുമില്ല ആകാശം..
രൂപം നഷ്ടമായ ഇതളുകളിൽ
നിന്നുമുണരുന്നു
സമകാലീനമാമൊരു
ഭൂഗാനം..
No comments:
Post a Comment