Friday, February 17, 2012


ഹൃദ്സ്പന്ദനങ്ങൾ


നിറഞ്ഞുതുളുമ്പിയ
തീർഥകലശത്തിൽ നിന്നും
ദർഭാഞ്ചലത്തിലൂടെയൊഴുകി
ശുദ്ധികലശത്തിനാദ്യപദം..


ഒരക്ഷരമറിയാതെയുടഞ്ഞതിനരികിൽ
അനേകമനേകമക്ഷരങ്ങൾ
തളിരിട്ടു ശാഖകളായൊരരയാൽ
വൃക്ഷമായി...


ജാലകവിരിയ്ക്കരികിൽ
ഉടഞ്ഞ വീണ സ്ഫടികപാത്രങ്ങളിൽ
ഒരിക്കൽ നിറഞ്ഞിരുന്നു
പ്രഭാതനൈർമ്മല്യത്തിൻ പൂവുകൾ...


മൂടൽ മഞ്ഞൊഴുകി മാഞ്ഞുതീർന്ന
ഫാൽഗുനത്തിനരികിൽ
നിസ്സംഗമായൊരു
നിശ്ചലത...


മൗനം തൂവിയിട്ട
പൂവുകളിലൂടെ
മുൾപ്പാടുകളിലൂടെ
നിഴൽപ്പാടങ്ങളിലൂടെ
നടന്നതിനാൽ
വാക്കുകളിലിന്നൊരു
ഭയരഹിതമാം തിളക്കം...


ഓർമ്മയിൽ സൂക്ഷിക്കാൻ
അനേകസംവൽസരങ്ങളുടെ
ദൈന്യമേകിയ
നിയോഗത്തിനരികിലും
ഹൃദ്സ്പന്ദനങ്ങളിൽ
വിടരുന്നു
പവിഴമല്ലിപ്പൂവുകൾ..

No comments:

Post a Comment