Monday, February 27, 2012

ആകാശനക്ഷത്രങ്ങൾ


തൂവലുകളായ്
മൃദുസ്പർശമായ്
അക്ഷരങ്ങൾ
ഹൃദയത്തിലേയ്ക്കൊഴുകുന്നു


അറിവില്ലായ്മയുടെ
അപരിചിതത്വം
വാതിലിൻ വിജാഗിരികൾ
ഒരോന്നായി അടർത്തി
അകത്തേയ്ക്കിട്ടും
അല്പം ആകുലത


മൂടൽ മഞ്ഞുനീങ്ങിയ
ഫാൽഗുനത്തിനരികിൽ
മനസ്സിലെ സ്വരങ്ങളെഴുതി
കയ്പും മധുരവുമിടകലർന്നൊരു
ദിനാന്ത്യകാവ്യം


അക്ഷരതെറ്റുകളിലൂടെ
ഓർമ്മപ്പിഴവുകളിലൂടെ
മഷിതുള്ളികളിലൂടെ
മെല്ലെ നടന്നു 
സംവൽസരങ്ങൾ


വെണ്മയേറിയ ചുമരുകളിൽ
എഴുതാനാവശ്യം 
തെളിനീർപോലെ
മഴതുള്ളിപോലെയൊഴുകും
അക്ഷരങ്ങൾ


ദിനങ്ങൾ ഗോവണിയിറങ്ങി
സന്ധ്യയിലേക്ക് മെല്ല
പദം വയ്ക്കുമ്പോൾ
മുന്നിലേക്കിട്ടു
നിഴൽപ്പൊട്ടുകളുടെ
ഒഴിഞ്ഞ നിവേദ്യപ്പാത്രം..


ശീവേലിവിളക്കുകൾ
കെടുത്തി പ്രദക്ഷിണവഴിയിൽ
വാദ്യങ്ങൾ നിശ്ശബ്ദമായപ്പോൾ
ആകാശനക്ഷത്രങ്ങൾ
മിഴിയിലേക്കൊഴുക്കി
പ്രകാശം..

No comments:

Post a Comment