മൊഴി
എഴുതിയിട്ടുമെഴുതിയിട്ടും
മതിവരാത്തൊരു
കടലരികിൽ
പകൽ നീർത്തിയിട്ട
വെളിച്ചത്തിൻ
തുണ്ടുകളിൽ
അനേകം കടംകഥകൾ
ചുരുളഴിയുന്നു
സ്വപ്നങ്ങളുടെയമൃതുവള്ളികൾ
പോലെ
അക്ഷരങ്ങൾ
വാത്മീകമുടച്ചൊഴുകുമ്പോൾ
ആദിമസത്യം
യുഗപരിണാമത്തിന്റെ
പ്രളയത്തിരയിൽ
പ്രപഞ്ചമൊരു
ചെപ്പിലൊളിപ്പിച്ചുവോ
ഉലഞ്ഞ ഭൂമിയുടെയൊരു
മൺ തുണ്ട്
പ്രതിബിംബങ്ങളിൽ
നിന്നകലെ
ആകാശനക്ഷത്രങ്ങൾ
ഗ്രഹാന്തരയാത്രയുടെ
ഓർമ്മതെറ്റുപോൽ
ഗ്രഹദൈന്യങ്ങൾ
സംവൽസരങ്ങളെഴുതി
ചുരുക്കിയ ദിനങ്ങളിൽ
മഷിയുണങ്ങിയ പാട്
ഉടഞ്ഞുമുലഞ്ഞും
മുറിഞ്ഞും നീങ്ങിയ
ഹൃദ്സ്പന്ദനങ്ങളിൽ
സമുദ്രസംഗീതം
No comments:
Post a Comment