Sunday, February 5, 2012


അക്ഷരങ്ങൾ


കിഴക്കേചക്രവാളത്തിൽ
നക്ഷത്രങ്ങൾ മിഴിപൂട്ടി
ധ്യാനത്തിലാവും പ്രഭാതത്തിൽ
മൊഴിയിലേയ്ക്കൊഴുകും
തീർഥം പോലൊരു
കാവ്യഭാവത്തിൽ
മനസ്സേയുണരുക..


വിരൽതുമ്പിലുരുമ്മിയ
വിസ്മയമെന്ന പോൽ
മുളം കാടുകളുടെ 
സംഗീതമെന്ന പോൽ
അരികിലൊഴുകും സമുദ്രമേ
ആന്ദോളനങ്ങളിൽ
ഭദ്രമായ് സൂക്ഷിച്ചാലും
ഭൂകാവ്യത്തിൻ ശംഖുകൾ


പലനാളിലെഴുതിയിട്ടും
അറിയുമെങ്കിലുമറിയില്ലെന്നെഴുതുകയും
ആപ്തവാക്യങ്ങളിൽപോലും
കലർപ്പിടുന്നതുമായ
സങ്കീർത്തനങ്ങളിൽ
ആകാശത്തിൻ ജപമാലയിലെ
മുത്തുകളുമുടഞ്ഞുപോകുന്നുവല്ലോ


പടിപ്പുരവാതിൽ തുറന്ന്
അകത്തളത്തിലെ കല്ലുപാകിയ
ജപമണ്ഡപത്തിലേയ്ക്ക്
എന്തിനെന്നറിയാതെ
ഇന്നും വന്നുവീഴുന്നു
ആരുടെയൊക്കെയോ
മനസ്സിന്റെയാവൃതദൈന്യം


എടുത്താൽതീരാത്തത്രയും
ഭാരമേകിയ സംവൽസരങ്ങൾക്ക്
താങ്ങായി ആകാശവാതിലിൽ നിന്നും
തൂവൽസ്പർശം പോൽ
ഹൃദ്സ്പന്ദനം പോൽ 
ദീപപ്രകാശം പോൽ
തുമ്പപ്പൂപോ
ശുഭ്രമാം അക്ഷരങ്ങൾ..









No comments:

Post a Comment