Saturday, February 4, 2012


തെളിനീർമഴ


പലരുമെഴുതി
ചുമരിലൊരാണിതുമ്പിലാടും
തൂക്കുചിത്രമാവാനാവില്ല
ഭൂമിയുടെ ഹൃദ്സ്പന്ദനങ്ങൾക്ക്


നന്മയുടെ നടുത്തളത്തിൽ
നിന്നാണന്ന് ഭൂമിയെഴുതിയത്..
ഒരു വിശ്വാസം 
ചില്ലുതരിപോലുടയരുതെന്നാശിച്ചു
പക്ഷെ അതുടഞ്ഞുപോയി
ഉടഞ്ഞ ഒരോ തരിയിലും
ഒഴുകിമാഞ്ഞു മനസ്സിലെ
കരുണാർദ്രമായൊരു ഭാവം


പലരും പറഞ്ഞേക്കാം
പല കഥകൾ..
അനുബന്ധങ്ങളിൽ
ആധികാരികമായ
അഹം കുടിയേറിയ 
നാളിലാവും
കിരീടങ്ങളിലെ
തിളക്കം മാഞ്ഞുപോയതും
പ്രതിദർപ്പണങ്ങളിൽ
പുകപോലെ പകയുണർന്നതും


തീരാത്തതെന്തന്നന്വേഷിച്ചു
നടക്കേണ്ടതുമില്ലിനിയും
നാലുമടക്കിൽ മഷിതുള്ളികൾ
തൂവിയിടും ലോകം
സൂക്ഷിക്കട്ടെ മിഥ്യയുടെ
മൂടൽ പാളികൾ


മനസ്സിലേയ്ക്കൊഴുകട്ടെ
തെളിനീർമഴ
ചങ്ങല വലയങ്ങൾ
എന്നേയഴിച്ചുമാറ്റിയിരിക്കുന്നു
കടൽ...
ഘനീഭവിച്ച കാവ്യസർഗങ്ങളെ
പെയ്താലും
ഹൃദ്സ്പന്ദനശ്രുതിയിൽ..

No comments:

Post a Comment