ഹൃദ്സ്പന്ദനങ്ങൾ
മൃദുവായ ശബ്ദങ്ങൾ
സൗമ്യമെന്നും
മനോഹരമെന്നും
വിശ്വസിക്കും ദിനങ്ങൾ
അകന്നുപോയിരിക്കുന്നു
അക്ഷയപാത്രത്തിൽ
ശാകപത്രമെന്നപോൽ
അക്ഷരങ്ങളേകിയതിനായ്
അദൃശ്യതയിലെ
ദൃശ്യചൈതന്യമേ
മൺ വിളക്കിൽ
തെളിയിക്കുന്നു
മനസ്സിനെ
ദിനങ്ങളുടെ ചെപ്പിൽ
ലഘൂകരിക്കുമ്പോഴും
പെരുക്കുന്ന
ഓർമ്മകളുടെ ഭാരം
നിറങ്ങളനേകമതിനരികിലെ
പതാകയുടെ
വർണ്ണവും മങ്ങിയിരിക്കുന്നു
ചായം മാറ്റിനിറയ്ക്കും
ചതുരംഗക്കളങ്ങളിൽ
നിന്നകലെ
ചന്ദനസുഗന്ധത്തിലൊരു
കാവ്യം
പ്രതികർമ്മങ്ങളുടെ
ദർപ്പണത്തിലൊരു
പുഴയുടെ കയങ്ങൾ
തുന്നിക്കൂട്ടിയ
ചിന്തകളിൽ
ഏച്ചുകെട്ടാനാവാതെ
വലയും
ഹൃദ്സ്പന്ദങ്ങൾ
ഒരോർമ്മതെറ്റിന്റെ
ഒരക്ഷരപ്പിശകിന്റെ
ഋണപ്പാടിൽ
വർത്തമാനകാലം...
No comments:
Post a Comment