പവിഴമല്ലിപ്പൂവുകൾ
ഒരിലതുമ്പിലിറ്റുവീണ
പകൽ വെളിച്ചത്തിനരികിൽ
ഒരിക്കലെഴുതിയിട്ടതെല്ലാം
മായ്ക്കാനാവാതെ
നിഴൽപ്പൊട്ടുകൾ
വർത്തമാനകാലത്തിനോർമ്മയിൽ
ശൂന്യബോധമുണ്ടാവുമോ
അങ്ങനെയൊരവബോധനമോ
ആനുകാലികങ്ങളുടെ
മുഖക്കുറിപ്പുകൾ
പലവട്ടമെഴുതി
തിരുത്തികൂട്ടിയൊടുവിൽ
അറിയാനായി
ഹൃദയസ്പന്ദങ്ങൾക്കൊരിക്കലും
കൃത്രിമസ്പന്ദങ്ങളാകാനാവില്ല
ന്യായത്തിനൊരു മുഖം
ന്യായപ്പുസ്തകമുടച്ചെഴുതും
അന്യായത്തിനുണ്ടാവാം
അനേകം മുഖങ്ങൾ...
ഇമയനങ്ങും പോൽ
വേഗത്തിലോടി മാഞ്ഞ
സംവൽസരങ്ങളുടെ ചിറകിൽ
ഋതുക്കളുടെ നിറം ചോർന്നുപോയ
സ്വപ്നങ്ങളിലിന്നും കാണും
നക്ഷത്രവെളിച്ചം
ഒരുവരിക്കവിതയുടെ
നറും തേൻ മുക്കി
മനസ്സിലെഴുതുമ്പോഴും
ചില്ലുകൂടുകളെന്തിനരികിൽ
അക്ഷരമാലയിലെയക്ഷരങ്ങൾ
സന്ധ്യാനാമം ചൊല്ലും
പടിപ്പുരയ്ക്കരികിൽ
പണ്ടേതോ കാലത്ത്
പറന്നുനീങ്ങിയ
പറക്കും തളികയിൽ
നിന്നടർന്നുവീണ
ഒരു തുണ്ട്
പലേയിടങ്ങളിൽ
പലേ രൂപത്തിൽ
ലോകം തട്ടിക്കൂട്ടിയ
പ്രായോഗികവിതാനങ്ങൾക്കരികിൽ
പലവട്ടം പകച്ചുനിന്ന
സ്വരങ്ങളാൽ
ഭൂമി നെയ്തെടുത്ത
ഭൂരാഗമാലിക..
ഇടവേളയിലെ
നീക്കുപോക്കില്ലാത്ത
നിയോഗങ്ങൾക്കരികിൽ
സന്ധ്യയുടെ ചെപ്പിൽ
നിറയെ പവിഴമല്ലിപ്പൂവുകൾ..
No comments:
Post a Comment