Tuesday, February 7, 2012

മൊഴി


പാതയോരത്തെ
തണൽമരങ്ങളെ
നിഴലാക്കി നീർത്തിയിടും
രാജ്യപാലനത്തിൻ
അക്ഷരപ്പിഴവുകൾ


മുഖമേതെന്നറിയാതെ
മുഖാവരണങ്ങൾ
തുന്നുന്നു
അനേകമനേകം
ആവർത്തനകലകൾ


പടിവാതിലിൽ
ഉലയുമായിരിക്കുന്നു
ഭൂഖണ്ഡാതീതമാം
വലയഗ്രഹങ്ങൾ


കടലിനരികി
മതിലുടഞ്ഞ കല്ലുകൾ
ഒരോ കല്ലിലുമോരോ
യുഗത്തിൻ ചരിത്രം


പണിതീരാത്ത
മണ്ഡപങ്ങളിലെ
കൽസ്തൂപങ്ങൾക്കരികിൽ
ഒരു കാവ്യത്തിൻ
ജപം


മിന്നാമിനുങ്ങുകൾ
മിന്നിമായുമ്പോഴും
നക്ഷത്രവിളക്കുകൾ
പ്രകാശവുമായ്
മൊഴിതേടിവരുന്നു


അകത്തളത്തിലിരുന്നാരും
കാണാതെയെഴുതും
നുറുങ്ങുകവിതകൾക്കരികിലും
ഒളിപാർപ്പുകാരുടെ
ഓട്ടക്കണ്ണ്


കേൾക്കാനിമ്പമുള്ളൊരു
സംഗീതധ്വനി
സമുദ്രസംഗീതം..


പ്രപഞ്ചമേ 
ഒരു കാവ്യസങ്കീർത്തനമായ്
വലയങ്ങളില്ലാതെ
മനസ്സിനുള്ളിലെ
കടലിലേയ്ക്കൊഴുകിയാലും..


No comments:

Post a Comment